ലോക്ക് ഡൗണ്‍ ലംഘനം; പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ വിട്ടു നല്‍കും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. തിങ്കളാഴ്ച്ച മുതലാണ് വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കുന്നത്. വിലക്ക് ലംഘിച്ചതിന് 27,300 ത്തില്‍ അധികം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത്.

പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും കേരളാ പൊലീസ് ആക്ടും പ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രം ഈടാക്കുന്നതിനെ കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് പിഴ ഈടാക്കി വാഹനം വിട്ടു നല്‍കുന്നതിനെ കുറിച്ച് പൊലീസ് ആലോചിച്ചത്.

10,000 രൂപ വരെയായിരിക്കും പരമാവധി പിഴ ഈടാക്കുക. എന്നാല്‍ ഇതിന് ചില നിയമ തടസങ്ങള്‍ പൊലീസിന് മുന്നില്‍ ഉണ്ട്. വാഹനങ്ങള്‍ കോടതിയില്‍ നല്‍കി പിഴ അടയ്ക്കണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ഇത് എങ്ങനെ മറികടക്കുമെന്നാണ് ഡിജിപി നിയമോപദേശം തേടിയിരിക്കുന്നത്.

ഓരോ ജില്ലകളിലും പിഴ ഈടാക്കാനായി ഒരു ഉദ്യോഗസ്ഥനെ തീരുമാനിക്കാനാണ് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഈ ഉദ്യോഗസ്ഥനായിരിക്കും വാഹനങ്ങളുടെ പിഴ തീരുമാനിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഴ ഈടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ പുറത്തിറങ്ങാന്‍ പാടില്ല. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുന്‍പ് ഈ വാഹനം വീണ്ടും പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad