എംജി സർവകലാശാല പരീക്ഷകൾ മെയ്‌ 18ന് ആരംഭിക്കും; പരീക്ഷകൾ നടത്തുക ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മേയ് 18 മുതൽ പുനരാരംഭിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പരീക്ഷ നടത്തും. ഉത്തരക്കടലാസ് മൂല്യനിർണയം ജൂൺ ഒന്നു മുതൽ ഹോംവാല്യുവേഷനായി നടത്തും. കൊറോണ വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് മൂന്നാംവാരം മുതൽ പുനരാരംഭിക്കുമെന്നും മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ പറഞ്ഞു.
ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 25ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും.
യു.ജി. രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ നടക്കും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ മേയ് മാസത്തോടെ ഇളവുകൾ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയാറാക്കുന്നത്. സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക.
ജൂൺ ഒന്നു മുതൽ ഒൻപത് കേന്ദ്രങ്ങളിലായി ഹോംവാല്യൂവേഷൻ രീതിയിൽ ഒരാഴ്ച കൊണ്ട് മൂല്യനിർണയ നടപടികൾ പൂർത്തീകരിക്കും. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കോളജുകൾക്ക് നിർദ്ദേശം നൽകുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad