ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിപ്പിഴ

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും കൂടാതെ ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. അക്രമത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇവരില്‍ നിന്നും 50,000 മുതല്‍ ഒരു ലക്ഷം വരെ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യമില്ലാ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും.
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടു വരികയും രാഷ്ട്രപതി അനുമതി നല്‍കിയ ശേഷം നടപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുക.
ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടുകളോ നാശ നഷ്ടങ്ങളോ വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad