നാളെ ദേശീയ പഞ്ചായത്തീരാജ് ദിനം; രാജ്യത്താകമാനമുള്ള ഗ്രാമപഞ്ചായത്തുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ദേശീയ പഞ്ചായത്തീരാജ് ദിന(എന്‍.പി.ആര്‍.ഡി.)മായ നാളെ രാജ്യത്താകമാനമുള്ള ഗ്രാമപഞ്ചായത്തുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. രാജ്യം ലോക്ക് ഡൗണിനെ തുടര്‍ന്നു സാമൂഹിക അകലം പാലിക്കുകയാണെന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും പ്രധാനമന്ത്രി സംവദിക്കുന്നത്. ചടങ്ങില്‍ ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്പും അദ്ദേഹം പ്രകാശനം ചെയ്യും.

പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയാണ് യൂനിഫൈഡ് പോര്‍ട്ടല്‍. ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി.) തയ്യാറാക്കുന്നതിനു ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്ന പൊതു ഇന്റര്‍ഫേസാണിത്. സ്വമിത്ര പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്തി ഇതോടൊപ്പം നിര്‍വഹിക്കും. ഗ്രാമീണ ഇന്ത്യയിലെ സ്വത്തു മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സമഗ്രമായ വഴിയൊരുക്കുന്നതാണു പദ്ധതി.

പഞ്ചായത്തീരാജ് മന്ത്രാലയം, സംസ്ഥാന പഞ്ചായത്തീരാജ് വകുപ്പ്, സംസ്ഥാന റവന്യൂ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നിരീക്ഷണം ശക്തമാക്കും. ഇതിനായി ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏറ്റവും നൂതനമായ സർവേ സംവിധാനത്തില്‍ ഗ്രാമപ്രദേശങ്ങളിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തും.

അതേസമയം, താഴെത്തട്ടിലേക്ക് അധികാര വികേന്ദ്രീകരണം നടന്ന ചരിത്രപരമായ ദിനമാണ് 1993 ഏപ്രില്‍ 24. ഭരണഘടനയുടെ 73ാം ഭേദഗതിയായി അന്നു പാസ്സാക്കപ്പെട്ട പഞ്ചായത്തീരാജ് അതേദിവസം പ്രാബല്യത്തില്‍ വരികയും ചെയ്തു. പ്രസ്തുത ദിനമാണ് പഞ്ചായത്തീരാജ് മന്ത്രാലയം ദേശീയ പഞ്ചായത്തീരാജ് ദിനമായി ആഘോഷിച്ചുവരുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പഞ്ചായത്തീരാജ് ദിനം ഡിജിറ്റലായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad