കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ട്; ഈ മഹത്തായ ത്യാഗത്തിന് രാജ്യത്തെ ജനങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി


ന്യൂഡല്ഹി:കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ നേതൃത്വത്തിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഈ മഹത്തായ ത്യാഗത്തിന് രാജ്യത്തെ ജനങ്ങളെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മഹാമാരിക്കെതിരെ കേന്ദ്രവും സംസ്ഥാനവും ഒരു ടീമായി പ്രവര്‍ത്തിക്കുകയാണ്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനങ്ങളും സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വൈദ്യോപകരണങ്ങളുടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ഷകര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. പല രാജ്യങ്ങളേയും അവശ്യ മരുന്നുകള്‍ നല്‍കി ഇന്ത്യ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊലീസ് സേനകളേയും അദ്ദേഹം പ്രശംസിച്ചു. ഈ റമദാന്‍ മാസത്തിലും എല്ലാ കൊറോണ പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങളെല്ലാം ശ്രദ്ധിക്കണം. റമദാന്‍ കാലം തീരുന്നതിന് മുന്‍പ് ലോകം കൊറോണയില്‍ നിന്നും മുക്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യോമസേനയും നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് ഇരു വിഭാഗങ്ങളോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad