പോക്സോ കേസില്‍ ബിജെപി നേതാവിനെതിരെ നടപടിയില്ല; മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധം

കണ്ണൂർ: പാനൂരിൽ പോക്സോ കേസ് പ്രതിയായ ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കനക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം. കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫേയ്സ്ബുക്ക് പേജിൽ പ്രതിഷേധ കമന്റുകൾ നിറയുന്നത്.സ്കൂൾ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജൻ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പേജിലുള്ള കോവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കു കീഴിൽ നൂറുകണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് കമന്റുകളിലെ ആവശ്യം.
മുഖ്യമന്ത്രിയുടെ ജില്ലയിൽ, സാമൂഹ്യനീതി- ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യംചെയ്യുന്ന കെ.കെ ശൈലജയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന് ഓർമിപ്പിച്ചുകൊണ്ടും നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. നിസ്സാര കാര്യങ്ങളിൽക്കൂടി ശ്രദ്ധപുലർത്തുന്ന മുഖ്യമന്ത്രി ഇത്രയും ഗൗരവതരമായ കാര്യം നടന്നിട്ടും ഒരു ആശങ്കയും പ്രകടിപ്പിക്കാത്തത് അത്ഭുതമാണെന്നും ചില കമന്റുകൾ പറയുന്നു.

Mathrubhumi Malayalam News
Tags

Post a Comment

0 Comments

Top Post Ad

Below Post Ad