ബസുകളിൽ സുരക്ഷിത അകലം: ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും


തിരുവനന്തപുരം:ലോക്ഡൗണിനുശേഷം ബസുകൾ ഓടിത്തുടങ്ങുമ്പോൾ യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം നിർബന്ധമാക്കിയാൽ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും. ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന രീതിയിൽ അകലം പാലിക്കണമെങ്കിൽ യാത്രക്കാരുടെ എണ്ണം പകുതിയാക്കേണ്ടിവരും. നിന്നുള്ള യാത്രയും അനുവദനീയമല്ല.
അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 20 ശതമാനം അധികം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനുള്ള അനുമതി ബസുകൾക്കുണ്ട്. ഇത് പൂർണമായും ഒഴിവാക്കും. പകുതി യാത്രക്കാരായി കുറയ്ക്കുകകൂടി ചെയ്യുമ്പോൾ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകൾ പറയുന്നു.
50 സീറ്റുള്ള ബസിൽ പരമാവധി 25 യാത്രക്കാരെ മാത്രമാകും കയറ്റാനാകുക. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കിൽ ഇന്ധനച്ചെലവിനുള്ള തുകപോലും ലഭിക്കില്ല. നഷ്ടം നികത്താനുള്ള മാർഗം സർക്കാർ കണ്ടെത്തേണ്ടിവരും. നിശ്ചിത ശതമാനം നിരക്കുയർത്താൻ കഴിയുന്ന ഫ്ളെക്സി ചാർജ് സംവിധാനം സ്വീകരിക്കാമെന്ന് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ. എന്നാൽ ഇത് ഫലപ്രദമല്ലെന്നും നിലവിലെ ടിക്കറ്റിന്റെ ഇരട്ടിയോളം ഈടാക്കേണ്ടിവരുമെന്നുമുള്ള സൂചനയാണ് കെ.എസ്.ആർ.ടി.സി. അധികൃതരും സ്വകാര്യബസ് ഉടമകളും പങ്കുവെക്കുന്നത്.
റോഡ് നികുതി ഈടാക്കുന്നത് സീറ്റ് അടിസ്ഥാനമാക്കി ആയതിനാൽ സ്വകാര്യബസുകൾ പൊതുവേ സീറ്റ് കുറച്ചാണ് രജിസ്റ്റർ ചെയ്തിരുന്നത്. അത്തരം ബസ്സുകളിൽ ഒരു സീറ്റിന് ഒരാൾ എന്ന നിയന്ത്രണം കൊണ്ടുവന്നാൽ പരമാവധി യാത്രക്കാർ 20-ൽ താഴെയായി കുറയും. കെ.എസ്.ആർ.ടി.സി.യുടെ മാതൃകയിൽ മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകൾ സ്വകാര്യബസുകളിലില്ല. ഇവയിൽ അകലം പാലിച്ച് രണ്ടുപേർക്ക് ഇരിക്കാനാകും.
ലോക്ഡൗണിന് ശേഷമുള്ള പൊതുഗതാഗതത്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടായേക്കാം. ജില്ലകൾ തമ്മിൽ അതിർത്തി തിരിക്കുന്നതും റൂട്ട് ബസുകളെ ബാധിക്കും. ജില്ലാ അതിർത്തികളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് ഓടുന്ന നിരവധി ബസുകളുണ്ട്.
നഷ്ടം നികത്താൻ ബദൽ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. റൂട്ട് ബസുകൾക്ക് നികുതികുറച്ച് ഡീസൽ നൽകണമെന്ന് സ്വകാര്യബസുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യും ഏറെക്കാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad