വൈറസ് വ്യാപനം അളക്കാൻ സാങ്കേതിക വിദ്യ; കേന്ദ്രസർക്കാരിന്റെ ‘ആരോഗ്യ സേതു’ ആപ്പിനെ അഭിനന്ദിച്ച് ലോകബാങ്ക്

ന്യൂഡൽഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ആരോഗ്യ സേതു’ ആപ്പിനെ അഭിനന്ദിച്ച് ലോകബാങ്ക്. വൈറസ് വ്യാപനം അളക്കാനായുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ കുറിച്ചുള്ള പരാമർശത്തിലാണ് കേന്ദ്രസർക്കാറിന്റെ ആപ്ലിക്കേഷനെ ലോകബാങ്ക് പ്രശംസിച്ചത്.





കൊറോണ വൈറസിന്റെ വ്യാപനം അളക്കാനായി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താം. ഇത്തരം സാങ്കേതിക വിദ്യയുടെ ഉപയോഗം ഏഷ്യയുടെ കിഴക്കൻ മേഖലകളിൽ വൈറസിനെതിരായ പോരാട്ടത്തിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം വൈറസ് വ്യാപനം കണ്ടെത്താൻ സഹായിക്കുമെന്ന് ആരോഗ്യ സേതു ആപ്പിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ലോകബാങ്ക് അറിയിച്ചു. ഏപ്രിൽ 12ന് പ്രസിദ്ധീകരിച്ച സൗത്ത് ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.




ഉപയോക്താക്കൾക്ക് വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാൻ ആരോഗ്യ സേതു ആപ്പ് സഹായകമാകും. ഒപ്പം ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താവ് കൊറോണ രോഗിയുമായി ഏതെങ്കിലും തരത്തിൽ അറിയാതെയെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കും. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യയിലെ 11 ഭാഷകൾ ആരോഗ്യ സേതു ആപ്പിൽ ലഭ്യമാണ്. ലോഞ്ച് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആപ്പിന് വലിയ സ്വീകരണമാണ് രാജ്യത്ത് ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad