ഇപ്പോഴത്തെ നില ആശ്വാസകരം, ജാഗ്രത തുടരണം- മന്ത്രി ശൈലജ

തിരുവനന്തപുരം: രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നവർ കർശനമായി സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.


രോഗബാധ നേരിടാൻ നമ്മൾ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫലം കണ്ടിട്ടുണ്ടെന്നുതന്നെയാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്. എന്നാൽ പൂർണമായും ആശ്വാസമായി എന്ന് പറയാനായിട്ടില്ല. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കിൽ വീണ്ടും രോഗബാധ ഉയരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു



ഇനി രോഗബാധ വലിയതോതിൽ ഉയരില്ല എന്നുതന്നെയാണ് കണക്കുകൂട്ടൽ. കാരണം, കർശനമായ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും നേരിയ ലക്ഷണങ്ങൾ ഉള്ളവരിൽ പോലും പരിശോധന നടത്തുകയും ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യം ഉണ്ടായെങ്കിലും കഴിയുന്നത്ര കിറ്റുകൾ സംഘടിപ്പിച്ച് പരിശോധന മുടങ്ങിപ്പോകാതെ നടത്തിയിട്ടുണ്ട്.



പത്ത് ലബുകളിലായി ഇപ്പോൾ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ പരിശോധനാ കിറ്റുകൾ നൽകുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂർണമായും നടക്കില്ല. കൂടുതൽ കിറ്റുകൾ പലയിടങ്ങളിൽനിന്നായി വാങ്ങുന്നുണ്ട്. എന്നാൽ കൂടുതൽ കേസുകൾ ഉണ്ടായാൽ അതിനനുസരിച്ച് കൂടുതൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകളുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.



ആരോഗ്യപ്രവർത്തകരുടെയും പോലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹായത്തോടെ നല്ല രീതിയിൽ കോൺടാക്ട് ട്രേയ്സിങ് നടത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും ചില കണ്ണികൾ വിട്ടുപോയേക്കാം എന്നൊരു ഭയം ഇപ്പോഴും ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രോഗകൾക്ക് നല്ല രീതിയിൽ ചികിത്സ ലഭ്യമാക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. മുൻകൂട്ടി ആസൂത്രണം നടത്താൻ സാധിച്ചതുകൊണ്ടാണ് അതിന് കഴിഞ്ഞത്. കൂടുതൽ രോഗികൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പ്രത്യേക ആശുപത്രി സൗകര്യങ്ങളും ബെഡ്ഡുകളും ഒരുക്കാൻ സാധിച്ചു. കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടത്തെ കോവിഡ് ആശുപത്രിയാക്കി വളരെപ്പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിഞ്ഞു. കാസർകോട് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.



അതേസമയം, കേരളത്തിൽ മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാൽ മാത്രമേ ആശ്വസിക്കാനാകൂ. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ചായിരിക്കും ലോക്ക്ഡൗണിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.



Content Highlights: minister k k shylaja on covid 19 in kerala

Post a Comment

0 Comments

Top Post Ad

Below Post Ad