നിരന്തരമായ ജാഗ്രത വേണം ; ഈ പ്രതിസന്ധി ഘട്ടത്തെ ഒരുമിച്ച് കരുത്തോടെ നേരിടാം ; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി : കൊറോണ വ്യാപനം കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത പരിശ്രമം തീർച്ചയായും കൊറോണയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥിതി അതിവേഗം മാറുന്നതിനാൽ നിരന്തരമായ ജാഗ്രത പരമപ്രധാനമാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.

വൈറസിനെതിരെ ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലം അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ അറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്ക് ആവശ്യമായ എല്ലാ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട് കരിഞ്ചതയ്ക്കും പൂഴ്ത്തിവയ്പ്പിനുമെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കുമെതിരെ നടന്ന ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേയും കശ്മീരിലേയും വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സംഭവങ്ങളിൽ ശക്തമായ നടപടികളെടുക്കണമെന്നും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ലംഘനങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആരോഗ്യ രംഗം ശക്തിപ്പെടുത്തണമെന്നും ടെലി മെഡിസിൻ വഴി രോഗികളെ പരിശോധിക്കുന്നത് വ്യാപകമാക്കണമെന്നും നിർദ്ദേശമുണ്ട്. നേരിട്ടുള്ള കാർഷിക വിപണനം പ്രോത്സാഹിപ്പിക്കണം. ഈ പ്രതിസന്ധി ഘട്ടത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് രാജ്യത്തെ സാമ്പത്തിക രംഗത്തെ സൂപ്പർ പവർ ആക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ആരോഗ്യ സേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യണം. അതൊരു ഇ പാസ് സംവിധാനമായി ഉപയോഗിക്കാനും കഴിയുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി മുഖ്യമന്ത്രിമാർ സംസാരിച്ചു. ലോക്ക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, ആരോഗ്യമന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad