അമ്മയുടെ പേരുള്ള ഒരു സംഘടനയുടെ നേതൃത്വത്തിന് അമ്മ എന്ന മാതൃത്വത്തിന്റെ കരുണയോ, സ്നേഹമോ ഇല്ലാതെ പോയി... അലി അക്ബർ എഴുതുന്നു

സീൻ 15
ജീവിക്കാൻ ഓരോകാരണങ്ങൾ വേണമല്ലോ..നഷ്ടം ഉണ്ടാക്കാനും... 
ഇത്രയും കാലം ഞാൻ വരുത്തി വച്ചത് പോരാഞ്ഞിട്ട് ഭാര്യ  ഒരു സംരംഭം തുടങ്ങി ആദ്യം പതിവ് പോലെ കൂട്ടുകച്ചവടമായിരുന്നു പിന്നെ തലയിലായി... 
കോഴിക്കോട്  ലോ കോളേജിന് സമീപം ഒരു ഹോട്ടൽ.... 
നടത്തി നടത്തി ആവശ്യത്തിന് കടം വരുത്തി വച്ചു... പിന്നീട് അതും ഉപേക്ഷിച്ചു... അത്രയേ അതിനെക്കുറിച്ചു പറയുന്നുള്ളു കൂടുതൽ പറഞ്ഞാൽ മൊത്തം കണ്ണീർ കഥയാവും.. 
വയനാട്ടിലെ കുടുംബ സ്വത്ത്‌ വിറ്റു, വാഴവറ്റ ഡാമിന് സമീപം 45 സെന്റ് സ്ഥലവും  കോഴിക്കോട് ചേവരമ്പലത്ത് ഒരുവീടും  വാങ്ങി... അഞ്ചു സെന്റിൽ ഒരു വീട്... 15 ലക്ഷം ലോൺ കിട്ടി ... 
കുറെ കാലമായി ഒരു സിനിമ ചെയ്തിട്ട്... ആ സമയത്താണ് രണ്ടുകഥാപാത്രം മാത്രമുള്ള ഒരു നാടകം കയ്യിൽ കിട്ടുന്നത് സൗദിയിൽ ജോലി ചെയ്യുന്ന മജീദ് ആണ് അതിനെക്കുറിച്ചു പറയുന്നത്. SR രവീന്ദ്രൻ എഴുതിയ നാടകമായിരുന്നു. ഞാനും കൂടെ സഹായിച്ചു അത് സിനിമാ തിരക്കഥയാക്കി.. 
അപ്പോഴാണ് തിലകനെ സിനിമയിൽ നിന്നും പുറത്താക്കുന്നത്... തിലകനെ കുറിച്ചു സ്റ്റാറുകളും സംവിധായകരും ചാനലുകളിൽ നിരന്നു നിന്ന് തെറി പറയുന്നു കുടിയൻ, താന്തോന്നി, ഇനി പറയാൻ ബാക്കിയൊന്നുമില്ല.. ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു എന്തുകൊണ്ട് അലിയുടെ സബ്ജെക്ട് തിലകനെ വച്ചു ചെയ്തുകൂടാ അദ്ദേഹം ആ നാടകം കണ്ടിട്ടുണ്ടായിരുന്നു.. ആ നാടകത്തിൽ ചെറുപ്പക്കാരാനായി അഭിനയിച്ചത് എരഞ്ഞിക്കൽ ശശിയും നല്ല അഭിനേതാവാണ്.... ഭാര്യയും തീരുമാനത്തോട് യോജിച്ചു... ഞാൻ തിരുവനന്തപുരത്തെത്തി, സുഹൃത്ത് രാജഗോപാലിനെയും കൂട്ടി തിലകന്റെ മുൻപിലേക്ക്.. അദ്ദേഹം ഫ്‌ളാറ്റിൽ അൽപ്പം അവശതയോടെ ഇരിക്കുന്നു, പ്രതീക്ഷയറ്റ മനുഷ്യനായി.... അഭിനയിപ്പിക്കാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് എന്തിന് നിന്റെ ജീവിതം കൂടി ഇല്ലാതാക്കുന്നതെന്നായിരുന്നു.... ഞാൻ ഉറച്ചു നിന്നപ്പോൾ പറഞ്ഞു ഒരു ടെക്‌നിഷ്യൻ പോലും വരില്ല ഞാൻ പറഞ്ഞു വേണ്ടാ ഞാൻ ക്യാമറ വർക്ക്, എഡിറ്റിംഗ് തുടങ്ങി എല്ലാ പണികളും ചെയ്യും... മ്യൂസിക് മകളും കൂട്ടുകാരും ചെയ്യും.... 
ഒടുവിൽ തിലകൻ ചേട്ടൻ സമ്മതിച്ചു 
വയനാട്ടിലെ സ്ഥലം പണയം വച്ച് അൽപ്പം പണം എടുത്തു, 7D ക്യാമറ വാങ്ങി, ആദ്യം ഷൂട്ട് ചെയ്യാൻ ഒരു ഫ്ലാറ്റ് കണ്ടു വച്ചിരുന്നു.. പിന്നീട് അവർ പിന്മാറി (ഫെഫ്കയും അമ്മയും പണിതുടങ്ങി )പിന്നീട് എന്റെ വീട് തന്നെ ഫ്ലാറ്റ് ആക്കി ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു.. തൊട്ടടുത്ത ദിവസം എന്റെ മാരുതി വാൻ തകർക്കപ്പെട്ടു... പല കോണിൽ നിന്നും ഈ സിനിമ ചെയ്യരുത് എന്ന ഭീഷണി വന്നു... ഒന്നിനും ചെവികൊടുത്തില്ല ഗംഭീരമായ പൂജ നടത്തി, പാട്ട് റെക്കോർഡ് ചെയ്തു ഷൂട്ടിങ് പൂർത്തിയാക്കി ഒരു മാസം കൊണ്ട് എല്ലാപണികളും പൂർത്തിയാക്കി സെൻസർ ചെയ്തു...ഫെഫ്ക എന്നേ സസ്‌പെൻഡ് ചെയ്ത് ഇണ്ടാസ് അയച്ചു......പിന്നെ കാരണം കാണിക്കൽ നോട്ടീസ്, പട്ടണം റഷീദും മറ്റും ഇടപെട്ട് ആ പ്രശ്നം തീർക്കാൻ പറഞ്ഞു... 
ഞാൻ ഫെഫ്ക ഓഫീസിൽ പോയി.. വലിയൊരു സംഘം എന്നേ കൊത്തിപ്പറിച്ചു തിന്നാനുണ്ടായിരുന്നു... ഞാൻ കൊടുത്ത വിശദീകരണം പോരാ ചില ഗുണ്ടകൾ തല്ലാനായി ചാടിയെഴുന്നേൽക്കുന്നത് കണ്ടു...അക്കൂട്ടത്തിൽ ശാന്തിവിള ദിനേശും ഉണ്ടായിരുന്നു  അവരോട് ഞാൻ പറഞ്ഞു പുറത്തിറങ്ങി റോഡിൽ വച്ചു തല്ലാമെന്ന്... B.ഉണ്ണികൃഷ്ണൻ ഒരു മൂരാച്ചി സഖാവിനെപ്പോലാണ് പെരുമാറിയത് (അത് തന്നെയാണല്ലോ )സിബിമലയിലിനോട്.. പണ്ട് എന്റെ അതേ അവസ്ഥയിൽ ഇരുന്ന കാര്യം ഞാനോർമ്മിപ്പിച്ചു,... കുറച്ചു മുൻപാണ് ഒരിലക്ഷനിൽ സിബിമലയിൽ മത്സരിച്ചാൽ കാലിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്ന് ഭീഷണിയുണ്ടായപ്പോൾ എന്നെയടക്കം പട്ടണം  റഷീദിനെ കൊണ്ട് വിളിച്ചു വരുത്തിയിരുന്നു അന്ന് ഞാനും വിനയനുമൊക്കെയാണ് സിബിക്ക് കാവലിരുന്നത്... അതൊക്കെ അദ്ദേഹം മറന്നിരുന്നു... B.ഉണ്ണികൃഷ്ണന് ഞാൻ നിരുപാധികം മാപ്പ് പറയണം... പറയില്ലെന്ന് ഞാനും എന്റെ സിനിമയിൽ ആരഭിനയിക്കണം എന്നത് എന്റെ തീരുമാനമാണെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.... അച്ഛൻ റിലീസ് എങ്ങിനെ ചെയ്യും എന്ന് കാണാമെന്നായി പുള്ളീടെ ഉള്ളിലിരുപ്പ്... 
അച്ഛൻ സിനിമയുടെ 
 യൂണിറ്റും മിക്സിങ്ങും ചിത്രാഞ്ജലിയിൽ ആയിരുന്നു.. ചിത്രാഞ്ജലിയിൽ ചെയ്യുന്ന പടങ്ങൾക്ക് സർക്കാർ തീയേറ്ററുകൾ റിലീസിന് തരണം എന്നതാണ് നിയമം... ലുസി ആയിരുന്നു നിർമ്മാതാവ്... അപ്രകാരം 2010 ജനുവരി 14ന് റിലീസ് വച്ചു തിരുവനന്തപുരം തൃശൂർ കോഴിക്കോട് തുടങ്ങി 7 സർക്കാർ  തീയേറ്ററുകളിൽ...പോസ്റ്റർ ഒട്ടി .. റിലീസിന് 3 ദിവസം മുൻപ് ചിത്രാഞ്ജലിയിൽ നിന്നും വിളി വന്നു... തീയറ്ററുകൾ തരാൻ പറ്റില്ല MD യുടെ ഓർഡറാണ്  ഞാൻ അറിയാവുന്ന പത്രപ്രവർത്തകരെയെല്ലാം  വിളിച്ചു കാര്യങ്ങൾ പറഞ്ഞു ഞാനും ഭാര്യയും നാളെ മുതൽ ksfdc യുടെ മുന്നിൽ നിരാഹാര സത്യാഗ്രഹം ഇരിക്കാൻ പോകുന്നു... 
‌വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തു... ഞാൻ പറഞ്ഞാൽ ഇരിക്കുമെന്ന് സർക്കാരിനറിയാം ഒരുപക്ഷെ തിലകനും സമരപ്പന്തലിലേക്ക് വരും. തീയേറ്റർ മുടക്കൽ  B. ഉണ്ണികൃഷ്ണന്റെ കുത്തിത്തിരിപ്പിൽ ഉണ്ടായ തീരുമാനമായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും... MA. ബേബിയും മറ്റും ഇടപെട്ട് 3 തീയേറ്റർ  നൽകാൻ ഉത്തരവായി... അന്നെന്റെ വാശി ഒരു തീയറ്ററിലെങ്കിലും റിലീസ് ചെയ്യുക എന്നതായിരുന്നു... ഫെഫ്കയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു അച്ഛന്റെ റിലീസ്.... റിലീസ് ചെയ്തിട്ടും ഒരാഴ്ച ഓടിക്കാതിരിക്കാൻ ksfdc ..MD..നല്ല കളി കളിച്ചു.. ഞാനും കളിച്ചു തിരുവനന്തപുരത്തു എന്റെ പടത്തിന് കൗണ്ടറിൽ 50 പേർ ഉണ്ടായിട്ടും ടിക്കറ്റ് കൊടുക്കാത്ത അവസ്ഥ.. അവിടെയും പത്രക്കാരെ എത്തിച്ചു md ഓടിവന്നു പടം ഓടിപ്പിച്ചു...  കോഴിക്കോട് എന്റെ ഭാര്യ തീയേറ്ററിൽ പോയപ്പോൾ പാർക്കിംഗ് ഫീസ് പിരിക്കാൻ നിൽക്കുന്ന പയ്യൻ പറഞ്ഞു ചേച്ചി അച്ഛൻ സിനിമ കാണണ്ട ബോറാ.... പ്രൊഡ്യൂസർ ലൂസി അപ്പോൾ തന്നെ അവന്റെ കഴുത്തിനു പിടിച്ചു കൈകാര്യം ചെയ്തു.അതങ്ങിനെയാ നീറാ. ...
‌എന്തായാലും ഞങ്ങൾ ജയിച്ചു... റിലീസ് ചെയ്യിക്കില്ല എന്ന് കരുതിയവരെ മുട്ട് കുത്തിച്ചു.... അടുത്ത ശത്രുക്കളുടെ ഉദ്ദേശം ഇതൊരു ചാനല്കാരെക്കൊണ്ടും വാങ്ങിപ്പിക്കരുത് എന്നതായിരുന്നു അതിനുവേണ്ടി അവർ കരുക്കൾ നീക്കി.. തിരുവനന്തപുരത്ത് ഒരു പ്രമുഖ ചാനലിന് വേണ്ടി പ്രിവ്യുചെയ്യാൻ ചിത്രാഞ്ജലിയിൽ പോയപ്പോൾ... താര സംഘടനയുടെ നേതാവ് ഞങ്ങളെ കണ്ടു... ചിരിച്ചു അപ്പോഴേ ഞാൻ ഭാര്യയോട് പറഞ്ഞു.... ഇനി ഇത് നടക്കില്ല.... ചാനൽ പറഞ്ഞു ഞങ്ങൾക്ക്  ഭീഷണി ഉണ്ട്.... അവരോട് ഇങ്ങിനെയാണ് ചോദിച്ചത് "നിങ്ങൾക്ക് വർഷാവർഷം താരങ്ങളെ വച്ചു ഷോയൊക്കെ നടത്തേണ്ടതല്ലേ അത്രയും ഓർത്താൽ നന്ന് "അവർ പിന്മാറി... 
‌പക്ഷെ സൂര്യ ആ സിനിമ നല്ലവില തന്നു വാങ്ങിച്ചു... 7D ക്യാമെറയിൽ ഷൂട്ട് ചെയ്ത ആദ്യ സിനിമയായിരുന്നു അത്, പക്ഷെ അടുത്ത വർഷം റിലീസ് ചെയ്ത ചാപ്പാ കുരിശ് ആ അവകാശവാദം ഏറ്റെടുത്തു... 
‌മറ്റൊരു റെക്കോർഡ് കൂടി അച്ഛൻ സിനിമയ്ക്കുണ്ട് ഡിജിറ്റൽ ഫോർമാറ്റിൽ കേരളാ സ്റ്റേറ്റ് അവാർഡിന് സ്ക്രീൻ ചെയ്യുന്ന ആദ്യസിനിമയായി അതുമാറി... അതിനു വേണ്ടി ഹൈക്കോടതിയിൽ പോയി വിധി വാങ്ങേണ്ടി വന്നു.... 
‌മറ്റൊന്ന് ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയായി എന്റെ മകൾ.... 
‌ഭാര്യ നിർമ്മാതാവ്. 
‌മകൾ സംഗീതം 
‌ഭർത്താവ് സംവിധാനം, എഡിറ്റിംഗ്, റെക്കോർഡിങ്..... അങ്ങിനെ ആരും എഴുതാതെ പോയ ചരിതമായി അച്ഛൻ.... തിലകൻ എന്ന മഹാനടന്റെ തിരിച്ചു വരവ് സാധ്യമായപ്പോൾ തോറ്റത് ഒരു വൃദ്ധനെ ഊരുവിലാക്കാനുള്ള കുറെ സംഘടനാ മുതലാളിമാരുടെ അഹങ്കാരമായിരുന്നു, അവർക്കുള്ള  മറുപടിയായിരുന്നു അച്ഛൻ... പ്രായംചെന്ന ഒരാൾ എന്തെങ്കിലും പറഞ്ഞു എന്ന് തന്നെ കരുതിയാലും അത് മക്കൾക്ക് ക്ഷമിക്കാമായിരുന്നു.... അമ്മയുടെ പേരുള്ള ഒരു സംഘടനയുടെ നേതൃത്വത്തിന് അമ്മ എന്ന മാതൃത്വത്തിന്റെ കരുണയോ, സ്നേഹമോ ഇല്ലാതെ പോയി... ഒരു കുലടയുടെ രീതിയിൽ അത് പെരുമാറി.... 
‌അതുകൊണ്ട് തന്നെ,  അദ്ദേഹത്തിന്റെ  ശ്വാസം നിലച്ചപ്പോൾ ആ കാലിൽ തൊട്ടു നമസ്കരിക്കാൻ യോഗ്യതയില്ലാത്ത മക്കളായി മാറി മലയാള സിനിമാക്കാർ... 
‌അച്ഛനും.. വിനയന്റെ യക്ഷിയും ഞാനും, എന്റെ  ഐഡിയൽ കപ്പിളും കഴിഞ്ഞാണ് രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി....വന്നതെന്നോർക്കണം... 
‌തിലകൻ വിടവാങ്ങിയപ്പോൾ ഒരു പത്രക്കാരൻ ചോദിച്ചു വരുന്നില്ലേ? ഞാൻ പറഞ്ഞു... 
‌ജീവിച്ചിരുന്ന തിലകന് എന്തെല്ലാം കൊടുക്കണോ അത് ഞാൻ കൊടുത്തിട്ടുണ്ട്.... അതു മതി റീത്തുമായി പലരും വരും.... സത്യത്തിൽ ഞാനും തിലകനും പ്ലാൻ ചെയ്ത ഒരു പടമുണ്ടായിരുന്നു.... അതു തിലകൻ എന്ന നടന്റെ മരണം തന്നെ ആയിരുന്നു.... മരണാനന്തരം പരേതന്റെ ആത്മാവ്, പൊതുദർശനത്തിനു വച്ച ഹാളിൽ കറങ്ങി നടക്കുന്നു,  അവിടെ വരുന്ന മാന്യന്മാർ പരേതൻ ജീവിച്ചിരുന്നപ്പോൾ പരേതനോട് ചെയ്ത ചെയ്തികൾ അയവിറക്കി യാത്ര പറയുന്ന ആത്മാവിന്റെ കോമെഡി ആവിഷ്കാരം.....
മരണാനന്തരം ശത്രുക്കളെത്തി നമ്മുടെ മുന്നിൽ തേങ്ങുന്നത് കാണാൻ എന്ത് രസമായിരിക്കും ല്ലേ. 
തുടരും

Post a Comment

0 Comments

Top Post Ad

Below Post Ad