ഉയരങ്ങളിൽ നിന്ന് നോക്കുമ്പോൾ മനുഷ്യർ ഒന്നാണ് അവരെ സൃഷ്ടിച്ചവരും ഒന്നാണ്... വസുധൈവ കുടുംബകം...അലി അക്ബർ എഴുതുന്നു

മൂത്തമകൾ പ്ലസ് റ്റു നല്ല മാർക്കോടെ പാസ്സായി... അവളുടെ കൂട്ടുകാരൊക്കെ എഞ്ചിനീയറിങ്ങിനും മെഡിസിനും ചേരാൻ പോകുന്നു.. ഇതിനു രണ്ടിനും ചേർക്കാൻ എന്റെ കയ്യിൽ ഒരു വകുപ്പുമില്ല... മറ്റു വല്ല ഡിഗ്രിക്കും ചേർക്കാൻ നോക്കാമെന്ന് ഞാൻ പറഞ്ഞു... അന്ന് കുടുംബ സുഹൃത്തായിരുന്ന ഒരു  വ്യക്തി പറഞ്ഞു കണ്ണൂരിനടുത്ത് ഒരു എൻജിനീയറിങ് കോളേജ് ഉണ്ട് അവിടെ നോക്കാം വലിയ പണം വേണ്ടി വരില്ല.. അവിടേയ്ക്ക് അവരുടെ കാറിൽ പോയി മാനേജർ ഒരച്ഛനായിരുന്നു മാർക്കെല്ലാം നോക്കിയിട്ട് അച്ചൻ പറഞ്ഞു.. മാർക്കൊക്കെ കൊള്ളാം പക്ഷെ പണം ഇല്ലാതെ കാര്യം നടക്കില്ല... പണത്തിനു പണം തന്നെ വേണം... തിരികെ വരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു... 
അന്നുരാത്രി ഞാൻ ഉറങ്ങിയില്ല ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ്  ഡിഗ്രിക്ക്  എവിടെയെങ്കിലും കുറഞ്ഞ ചിലവിൽ അഡ്മിഷൻ കിട്ടുമോ എന്ന് ഇന്റർനെറ്റിൽ  തപ്പി.. ഒടുവിൽ പൂനെയിൽ ഒരു ചെറു സ്ഥാപനം കണ്ടെത്തി, BFA IN DIGITAL ART എന്നായിരുന്നു 4 വർഷ course.. ചെറിയ ഫീസേയുള്ളു.... നെറ്റിൽ തന്നെ അപ്ലിക്കേഷൻ കൊടുത്തു.. ഞങ്ങൾ അവിടെ പോയി.. വലിയ ക്യാമ്പസ് ഒന്നുമല്ല പക്ഷെ ഡിഗ്രിക്ക് വിലയുണ്ട്.. അവൾ അവിടെ പഠിച്ചു... പഠിച്ചു കഴിഞ്ഞപ്പോൾ പൂനയിൽ തന്നെ ചെറിയ ജോലിയുമായി.. പക്ഷെ ഞാനവളോട് പറഞ്ഞിരുന്നു NID യിൽ പിജി ക്ക് ശ്രമിക്കണമെന്ന്. 
ആയിടയ്ക്ക് എന്റെ സുഹൃത്ത് ജോളി ചോദിച്ചു.. ശബരിമലയ്ക്ക് വരുന്നോ.. 
വരുന്നു... മാലയിട്ടു.. 41 ദിവസത്തെ വൃതം.. മധുസ്വാമിയാണ് ഗുരു സ്വാമി... വീണ്ടും ജോളി പറഞ്ഞു ഒരു AKB നായർ ഗീത പഠിപ്പിക്കുന്നുണ്ട് വരുന്നോ? 
ഏതായാലും വൃതം നോക്കുന്നു... ന്നാ പിന്നെ അതും നടക്കട്ടെ.. അങ്ങിനെ ഗീത പഠിക്കാൻ പോയി തുടങ്ങി... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ തുടക്കം അത് വരെ ഞാനറിഞ്ഞ ഹൈന്ദവ സംസ്കാരം എന്റേതല്ല എന്നൊരു തോന്നലായിരുന്നു... പഠിച്ചു തുടങ്ങിയപ്പോഴാണ് ഗീത ഹിന്ദുവിന് വേണ്ടി മാത്രമുള്ളതല്ല അത് ലോകത്തിലെ സകല മനുഷ്യർക്കും മതങ്ങൾക്കും വേണ്ടിയിട്ടുള്ളതാണ് എന്നറിഞ്ഞത് ...എല്ലാവരെയും അംഗീകരിക്കുന്ന ഗ്രന്ഥം ... ചിന്താ ധാര... മാനവികതയ്ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ..... അതിനെയാണ്  കേവലം ഹൈന്ദവരുടെ മതഗ്രന്ഥം ആക്കി മാറ്റിയത്.. 
എന്തുകൊണ്ടത് കുട്ടികൾക്ക് പാഠഭാഗമായി നൽകുന്നില്ല... 
ഏതായാലും ശരി അതുവരെ ഞാൻ ധരിച്ചു വച്ചിരുന്ന ഈശ്വര സങ്കൽപ്പത്തെ കീഴ്മേൽ മരിക്കുന്നതായിരുന്നു ഗീതാപഠനം... 
41 ദിവസത്തെ വൃതം പൂർത്തിയാക്കി... ശബരിമലയ്ക്ക്... കൂടെ കുറേപ്പേരുണ്ട് ക്ഷേത്രങ്ങളിലൂടെസഞ്ചരിച്ചു എരുമേലിയിലെത്തി പേട്ട തുള്ളി കാനനവഴിക്ക് യാത്ര തുടർന്നു അഴുത മുങ്ങി കല്ലെടുത്ത് അഴുത കേറ്റം രാത്രി കയറി... 
കല്ലിടാൻ കുന്നെത്തിയപ്പോഴേക്കും എന്റെ എനർജി പകുതിയായി... കരിമല ജോളി ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കയറ്റി... ഈശ്വരാ കയറ്റം ഒന്നുമല്ല.... കരിമല ഇറക്കമാണ് കഠിനം പലയിടത്തും ഞാൻ ഇരുന്നു നിരങ്ങിയാണ് ഇറങ്ങിയത്.... വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു   പമ്പ എത്തുമ്പോഴേക്കും കാലു മുഴുവൻ പൊട്ടി... പിന്നെയങ്ങോട്ട് കാലിൽ തുണിയൊക്കെ ചുറ്റി കയറിതുടങ്ങി... പത്തടി നടക്കും രണ്ടുമിനിറ്റ് നിൽക്കും ഒടുവിൽ 2 മണിക്ക് ശരം കുത്തി എത്തിയപ്പോൾ ക്യൂ തുടങ്ങി, 
നിൽക്കാനും വയ്യ ഇരിക്കാനും വയ്യ ആ അവസ്ഥ തുടർന്നു നടപ്പന്തലിലെത്തും മുൻപ് ഹരിവരാസനം കേട്ടു... പിന്നെ വരിയനങ്ങിയില്ല എന്റെ പിടുത്തം വിട്ടു... ഞാൻ അയ്യനോട് പിണങ്ങി... വയ്യ എനിക്ക് നിന്നേ കാണണ്ട... ഇരിക്കാതെ വയ്യ... ക്യൂവിൽ നിന്നും പുറത്തു ചാടി... വേച്ചു വേച്.. ഒരിടത്തിരുന്നു കൂടെ വന്നവരെ ആരെയും കാണാനില്ല അല്പം കഴിഞ്ഞു നടപ്പന്തലിനു മുന്നിലുള്ള കാപ്പിക്കടയിൽ നിന്നും ഒരു കാപ്പി വാങ്ങിക്കഴിച്ചു 
നടപ്പന്തലിലെ വളഞ്ഞു തിരിഞ്ഞു പോകുന്ന ക്യൂ നോക്കി നിൽക്കവേ അടുത്തുള്ള ഒരാൾ തട്ടി വിളിച്ച് സ്വാമിയേ വിളിക്കുന്നു എന്ന് പറഞ്ഞു 
ഞാൻ നോക്കുമ്പോൾ ആഴിക്കടുത്തു നിന്നും ഒരു പോലീസുകാരൻ എന്നേ വിളിക്കുന്നു... ഞാൻ അങ്ങോട്ട്‌ നടന്നപ്പോൾ ഒരു പോലീസുകാരൻ തടഞ്ഞു അദ്ദേഹത്തോട് എന്നേ വിളിച്ച പോലീസുകാരനെ ഞാൻ ചൂണ്ടി കാട്ടി... അയാൾ കടത്തിവിടാൻ പറഞ്ഞു.. എന്നേ വിട്ടു ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ വരിയിലേക്ക് ചൂണ്ടി കാട്ടിപറഞ്ഞു നിങ്ങളുടെ കൂടെ വന്നയാൾ അവിടെ ഉണ്ട് ഇതും പറഞ്ഞു പോലീസുകാരൻ വശത്തേക്ക് മാറി... അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് തൊട്ടടുത്ത് ആഴി... അതിനപ്പുറത്ത് പതിനെട്ടാം പടി... ഞാനങ്ങു നടന്നു സഞ്ചിയിൽ കരുതിയിരുന്ന തേങ്ങയുടച്ച് പതിനെട്ടു പടിയും തൊട്ട് മുകളിലേക്ക്... അയ്യപ്പന്റെ ഓരോ വികൃതിയെ.. പിണങ്ങിയ എന്നേ പടികേറ്റിയിരിക്കുന്നു. മുകളിൽ കയറി തത്ത്വമസി കണ്ടപ്പോൾ കരഞ്ഞു... കതകടച്ചുറങ്ങുന്ന അയ്യന്റെ മുന്നിലൂടെ.. മാളികപ്പുറത്തമ്മയുടെഅടുക്കലെത്തി വിശ്രമിക്കുന്നിടത്തിരുന്നു.. രണ്ടു മണിക്കൂർ കഴിഞ്ഞാണ് കൂടെയുള്ളവർ എത്തിയത്... 
തിരക്കിനിടയിൽ വിരിവച്ചു വീണു... അടുത്ത ദിവസം സന്നിദാനത്തെത്തിയപ്പോൾ കഴിഞ്ഞ ദിവസം ക്യൂവിൽ നിന്ന സകല മനുഷ്യരുമുണ്ട്.. ക്യൂവിൽ നിന്നാൽ സംഗതി നടക്കില്ല ഞാൻ അൽപ്പം മാറി നിൽക്കുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തെത്തി എന്റെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ട് പറഞ്ഞു... ആരുടേയും സഹായം തേടരുത് എന്നാഗ്രഹിച്ചു.. പക്ഷെ എന്റെ കാലിന്ന് വയ്യ എന്നേ ഒന്നു ഭഗവാനെ കാണിക്കാവോ ഇല്ലെങ്കിൽ ഞാൻ തിരികെ പോവുകയാ... അലിഅക്ബർ തന്നെയാണോ.. അദ്ദേഹത്തിന് വിശ്വാസം ആയില്ല കാരണം എന്റെ കോലം ആ പരുവമായിരുന്നു.. ഞാൻ ഒരിക്കൽ കൂടെ പറഞ്ഞു.. അതേ സാക്ഷാൽ സംവിധായകൻ അലിഅക്ബർ തന്നെ, ഉടൻ തന്നെ അദ്ദേഹം കീഴുദ്യോഗസ്ഥനെ വിളിച്ചു എന്നേ vip ഏരിയയിൽ കൊടുപോയി തൊഴീക്കാൻ പറഞ്ഞു അങ്ങിനെ ഭഗവാന്റെ മുൻപിലെത്തി കണ്ണു നിറയെ.. മനസ്സു നിറയെ തൊഴുതു.. തിരികെ ഓഫിസറുടെ മുന്പിലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു ഇനി ആഗ്രഹം വല്ലതും ബാക്കിയുണ്ടോ.. ഞാൻ പറഞ്ഞു എന്റെ കൂടെ വന്നവർ ദാ ക്യൂവിൽ നിൽക്കുന്നു അവരെ കൂടെ തൊഴീക്കാമോ... 
അയ്യോ ഞാൻ ചോദിച്ചു കുടുങ്ങിയല്ലോ.. ഉം ശരി....അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു... 
കുറച്ചു സമയം ഇടവിട്ട് എല്ലാവർക്കും ദർശനം നൽകി... ഇതിനിടയിൽ എന്റെ നമ്പർ അദ്ദേഹം വാങ്ങിച്ചു... 
ഞങ്ങൾ തിരികെ ഇറങ്ങി പമ്പയിലെത്താൻ നേരം  വീണ്ടും അദ്ദേഹം വിളിച്ചിരുന്നു വേണമെങ്കിൽ ഒന്നുകൂടെ തൊഴാമെന്നു പറഞ്ഞു... നന്ദി പറഞ്ഞു ഞങ്ങൾ താഴെ എത്തിയതറിയിച്ചു.. 
കാലം ഓരോന്ന് നമ്മെ പഠിപ്പിക്കും.. മതം പറഞ്ഞു തല്ലു കൂടുന്നവർ ശബരിമലയിൽ പോകണം... 
അവിടെ അബ്ദുള്ളയെയും, ഔസേപ്പിനെയും കാണാം... 
ബ്രാഹ്മണർ കെട്ടുന്ന അതേ രീതിയിൽ ഇഹ്‌റാൻ കെട്ടി മക്കയിലും വലം വയ്ക്കുന്നു  നമസ്കരിക്കുന്നു... 
അത് തന്നെ ശബരിമലയിലും, ഹജ്ജിന് പിശാചിനെ കല്ലെറിയുന്നു.. 
ശബരിമലയിൽ കല്ലിടാം കുന്നിൽ അതേപ്രക്രിയ ചെയ്യുന്നു... 
ഹൈന്ദവർ ഏകനായ ദൈവത്തിനെ പ്രതീകാത്മകമായി കാണുന്നു.. 
എല്ലായിടത്തും ഈശ്വരൻ ഒന്ന് തന്നെ പല പേരിൽ.. ഇത്രയും അറിഞ്ഞാൽ പിന്നെ വഴക്കും വക്കാണവും ഉണ്ടാകില്ല.. 
എവിടെനിന്നു വന്നു എവിടേക്ക് പോകുന്നു അതജ്ഞാതമാണെന്ന് ഗീത പറയുന്നു... അവന് ആദിയും അന്ത്യവുമില്ലാത്തവനാണെന്നും ഗീത പറയുന്നു ഇതൊക്കെ ഖുർആനിലും കാണാം ബൈബിളിലും കാണാം ഓരോ ജീവനിലും ഈശ്വരന്റെ ആത്മാവാണെന്ന് ഗീത പറയുമ്പോൾ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ച് അല്ലാഹുവിന്റെ റൂഹ് നൽകി എന്നു ഖുർആൻ പറയുന്നു.. അപ്പോൾ മനുഷ്യന്റെ റൂഹ് അല്ലാഹുവിന്റെ റൂഹ് തന്നെ "തത്വമസി"... 
എന്നിട്ടാണ് എന്നിലൂടെ മാത്രം... ഒരേയൊരു വഴി എന്നൊക്കെ പറയുന്നത്... ഒരിടത്തേക്ക് ഒരുപാട് വഴികളുണ്ട്... അതാണ്‌ പരമ സത്യം... 
ഇതൊക്കെ മനസ്സിലാക്കാൻ തന്റേതു മാത്രം വായിച്ചാൽ പോരാ... കുതിരയ്ക്ക് കണ്ണിന് വശങ്ങളിൽ മറ വച്ചതുപോലെയാണ് ചിലരുടെ വിശ്വാസം... മുന്നിലുള്ളത് മാത്രം കണ്ടാൽ എല്ലാമായി.. 
ചാച്ചനും അമ്മച്ചിയും, ഉമ്മയും ഇത്തയും ഇക്കാമാരും...വിളക്കുകത്തിക്കുന്നവരും ഓംകാരം ചൊല്ലുന്നവരും  ചേർന്നതാണ് എന്റെ കുടുംബം... 
എന്നേ കുറിച്ചു ചിലർ പറയാറുണ്ട് ഞാൻ മുസ്‌ലിം വിരോധിയാണെന്ന്... 
അതേ ഞാൻ മുസ്ലിം വിരോധിയാണ് ജിഹാദികളായ മുസ്ലിങ്ങൾ ആരെക്കെയോ അവരോട് എനിക്ക് വിരോധവും വെറുപ്പും തന്നെയാണ്... 
എല്ലാവരെയും അവരുടെ വിശ്വാസങ്ങളെയും മാനിക്കുന്ന മുസ്ലീങ്ങളോട് അത്യന്തം സ്നേഹവും ആദരവുമാണ്.... 
കാലത്തിനനുസരിച്ച് ചിന്തിക്കാത്തവർ മാറാത്തവർ... അവർക്ക് തന്നെയാണ്  നാശം... തന്റെ വിശ്വാസക്കുഴിയിലെ താവളയാവാതെ വിണ്ണിലേക്ക് പറക്കുന്ന പറവയാവണം... ഉയരങ്ങളിൽ നിന്ന് നോക്കുമ്പോൾ മനുഷ്യർ ഒന്നാണ് അവരെ സൃഷ്ടിച്ചവരും ഒന്നാണ്... 
വസുധൈവ കുടുംബകം...

Post a Comment

0 Comments

Top Post Ad

Below Post Ad