ആറ് പിഴവുകൾ, എല്ലാം തിരുത്തി ബെവ് ക്യൂ ആപ്പ് വീണ്ടും അപ്‌ലോഡ് ചെയ്തു.

തിരുവനന്തപുരം: പിശകുകൾ തിരുത്തി ശനിയാഴ്ച പുലർച്ചെ ബെവ്കോ ക്യൂ ആപ്പ് ഗൂഗിളിൽ അപ്ലോഡ് ചെയ്തു. ശനിയാഴ്ച പുലർച്ചെ 3.30-നാണ് ആപ് അപ്ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതി ലഭിച്ചാൽ സുരക്ഷാ പരിശോധനകൾക്കും ലോഡിങ് പരിശോധനകൾക്കും ശേഷം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകും.

സംസ്ഥാനത്ത് വിദേശ മദ്യവില്പനക്കായി സംസ്ഥാനം തയ്യാറാക്കിയ ബെവ്കോ ക്യൂ ആപ്പിൽ ആറു പിശകുകൾ ഗൂഗിൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് ശനിയാഴ്ച വെളുപ്പിന് 3.30ന് വീണ്ടും ഗൂഗിളിൽ ആപ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ ആപ്പ് ഗൂഗിൾ വീണ്ടും പരിശോധിക്കും. ഇതിനു ശേഷമായിരിക്കും ഗൂഗിളിന്റെ അനുമതി ലഭിക്കുക. സാധാരണ നിലയ്ക്ക് 24 മണിക്കൂറിനുളളിൽ അനുമതി ലഭിക്കേണ്ടതാണ്.

അനുമതി ലഭിച്ചാൽ ലോഡിങ് ടെസ്റ്റ്, സുരക്ഷാ പരിശോധന എന്നിവയും പൂർത്തിയാക്കണം. ഹാക്കിങ് അടക്കമുളള പരിശോധനകൾ നടത്തും. ഒരു പാട് ആളുകൾ ഒന്നിച്ച് പ്രവേശിച്ചാൽ ആപ്പ് ഹാങ്ങാകുമോ എന്നത് സംബന്ധിച്ചും പരിശോധന നടത്താനുണ്ട്. ആപ്പ് മൊബൈലിൽ അപ്ലോഡ് ചെയ്യുമ്പോൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോരുമോ എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഗൂഗിൾ ആരാഞ്ഞിരുന്നു. ഐടി വകുപ്പാണ് ഇത് ഗൂഗിളിലേക്ക് അപ്ലോഡ് ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തത്.

ആപ്പ് ഗൂഗിൾ നിരസിച്ചത് തെറ്റായ വാർത്തയാണെന്നും ആദ്യദിനം തന്നെ 20 ലക്ഷം പേരെങ്കിലും ആപ്പ് ഉപയോഗിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാക്കളായ ഫെയർകോ ടെക്നോളജീസ് വ്യക്തമാക്കി. ആപ്പ് ഉടൻ തയ്യാറാകുമെന്ന് എക്സൈസ് മന്ത്രി ടി.കെ.രാമകൃഷ്ണൻ പറഞ്ഞു.ഗൂഗിളിന്റെ അനുമതി ലഭിച്ച് ആപ്പ് പ്രവർത്തന സജ്ജമായതിന് ശേഷം എന്നു മുതൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad