വിറ്റഴിക്കൽ നീക്കം : ദേവസ്വം ബോർഡ് പിന്തിരിയണം ; കുമ്മനം രാജശേഖരൻ

വിറ്റഴിക്കൽ നീക്കം : ദേവസ്വം ബോർഡ് പിന്തിരിയണം 

വിളക്കുകൾ, പാത്രങ്ങൾ തുടങ്ങിയ ക്ഷേത്ര സ്വത്തുക്കൾ  വിറ്റ് പണം സ്വരൂപിക്കാൻ ദേവസ്വം ബോർഡ് നടത്തുന്ന ശ്രമങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.

ഭക്തജനങ്ങൾ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന വസ്തുവകകൾ ഭാവിയുടെ കരുതലുകളാണ്. വിശ്വാസപൂർവം ഭക്ത്യാദരവുകളോടെ ഭഗവാന് സമർപ്പിക്കുന്ന വഴിപാട് സാധനങ്ങൾ യാതൊരു പോറലും ഏൽക്കാതെ പരിരക്ഷിച്ചും പരിപാലിച്ചും  പോരേണ്ട ബാധ്യത ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോര്ഡിനുണ്ട്.

അവ വിറ്റഴിക്കുന്നത് ഭക്തജനങ്ങളോട് കാട്ടുന്ന വിശ്വാസ വഞ്ചനയും വികാര ധ്വംസനവുമാണ്. ഇന്ന് വിളക്കുകൾ വിൽക്കുന്നത് തെറ്റല്ലെങ്കിൽ നാളെ തിരുവാഭരണങ്ങൾ വിൽക്കുന്നതിനെയും ന്യായീകരിക്കേണ്ടി വരും. പിന്നീട് സർവ്വ സ്ഥാവരജംഗമ വസ്തുക്കളും വിറ്റഴിക്കുന്നതിനായിരിക്കും ഭരണാധികാരികൾ മുതിരുക. ഒരു  തെറ്റ് ചെയ്യുന്നതിന് സാഹചര്യവും സൗകര്യവും ലഭിച്ചാൽ തുടർന്ന് ചെയ്യുന്ന തെറ്റുകളെ ചോദ്യം ചെയ്യാൻ ആർക്കുമാവില്ല. അതുകൊണ്ട് തെറ്റ് ചെയ്യാൻ ദേവസ്വം ബോര്ഡിനെ അനുവദിച്ചുകൂടാ.

വളരെ വർഷക്കാലമായി ഭക്തജനങ്ങൾ സമർപ്പിച്ചിട്ടുള്ള വിളക്കുകളും പാത്രങ്ങളും  മറ്റ് സാധന സാമഗ്രികളും പുരാവസ്തു മൂല്യമുള്ളവയാണ്. അവ പ്രത്യേക സ്ഥലത്തു സുരക്ഷിതമായി പുരാവസ്തു  മ്യുസിയമാക്കുന്നതിനുള്ള സാധ്യതകൾ ആരായണം.

ദേവസ്വം ബോർഡ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുത്. ക്ഷേത്രോപദേശകസമിതികളെയും ഭക്തജനങ്ങളെയും വിശ്വാസത്തിലെടുക്കണം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെത്  മാത്രമല്ല മറ്റ് എല്ലാ ക്ഷേത്രങ്ങളും ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
ക്ഷേത്ര ഭരണാധികാരികളും ഭക്തജന സംഘടനകളും ക്ഷേത്ര ജീവനക്കാരും, വിശ്വാസി സമൂഹവും ആചാര്യ ശ്രേഷ്ഠന്മാരും മറ്റ് ബന്ധപ്പെട്ട എല്ലാവരും കൂട്ടായ ചർച്ച നടത്തി പരിഹരിക്കേണ്ട പ്രശ്നമാണിത്. 

ഭരണഘടന അനുസരിച്ച് നിയമപ്രകാരം ക്ഷേത്രങ്ങൾക്ക് കിട്ടേണ്ട വാര്ഷികാശനം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. വാടക നിയന്ത്രണ നിയമത്തിൽ നിന്ന് ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെ ഒഴിവാക്കി. ക്ഷേത്രങ്ങൾക്ക് മാത്രം ഈ  നിയമം ബാധകമാണ്. ഇതുമൂലം വൻ നഷ്ടമാണ് ക്ഷേത്രങ്ങൾക്ക് ഉണ്ടാവുന്നത്.
അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു കൊടുത്തു ക്ഷേത്രങ്ങളെ രക്ഷിക്കാൻ സർക്കാരോ ദേവസ്വം ബോർഡോ നടപടി സ്വീകരിക്കുന്നില്ല. ആറായിരത്തിൽ പരം ഏക്കർ ഭൂമിയാണ് ക്ഷേത്രങ്ങൾക്ക് അന്യാധീനപ്പെട്ടത്.
ഇക്കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധിയിലായ ക്ഷേത്രങ്ങൾ കഴിഞ്ഞ കുറെ നാളുകളായി അടച്ചിടുക കൂടി ചെയ്തപ്പോൾ പ്രതിസന്ധി രൂക്ഷമായി. 

കഴിഞ്ഞ വർഷത്തെ വാർഷികാശന തുകയായ 60 ലക്ഷം രൂപയും വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ബഡ്ജറ്റിൽ വകകൊള്ളിച്ച 60 കോടി രൂപയും സർക്കാർ ഉടനെ നൽകണം. എങ്കിൽ പ്രതിസന്ധിക്ക് അല്പം ആശ്വാസം ലഭിക്കും.വഖഫ്‌ ബോർഡിനും മദ്രസകൾക്കും വേണ്ടി 6 കോടി രൂപ നൽകി. അതേ മാനദണ്ഡം ഉപയോഗിച്ചു എല്ലാ ക്ഷേത്രങ്ങളിലേയും  ജീവനക്കാർക്കും ക്ഷേത്ര കലാകാരന്മാർക്കും പൂജാരിമാർക്കും സർക്കാർ സഹായധനം നൽകേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad