ഇന്ന് കവിതിലകം പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററുടെ 136 മത്ജന്മദിനം

കൊടുങ്ങല്ലൂർ കോവിലകത്ത് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂർകാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴിൽ തുടർപഠനത്തിന് സൌകര്യമുണ്ടാക്കിയത് അന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവർമ്മ മഹാരാജാവാണ്. കറുപ്പനെ ഉന്നത ഉദ്യോഗങ്ങളും നിയമസഭാംഗത്വവും കവിതിലകൻപട്ടവും നൽകി കൊച്ചി രാജകുടുംബം പ്രശസ്തിയിലേക്ക് ഉയർത്തി. അൻപതാം വയസ്സിൽ അദ്ദേഹത്തെ മഹാരാജാവ് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള ഭാഷാ വിഭാഗം അദ്ധ്യക്ഷനുമാക്കി. അവിടെ അദ്ധ്യാപകനായിരിക്കെ 1938 മാർച്ച് 23 നാണ് അൻപത്തി മൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്. കേരളത്തിൻറെ നവോത്ഥാന ചരിത്രത്തിൽ പ്രമുഖസ്ഥാനം അലങ്കരിച്ച പണ്ഡിറ്റ് കറുപ്പൻ താൻ ജനിച്ച ധീവര സമുദായത്തിൻറെ മാത്രമല്ല, എല്ലാ പിന്നോക്ക സമുദായങ്ങളുടെയും പുരോഗതിക്കായി പ്രയത്നിച്ചു.  എറണാകുളം പട്ടണത്തിൽ പ്രവേശിക്കാനോ അവിടത്തെ റോഡുകളിലൂടെ നടക്കാനോ അനുവാദമില്ലാതിരുന്ന പുലയസമുദായാംഗങ്ങളെ 1913 ഏപ്രിൽ 21 ന്   വള്ളങ്ങൾ കൂട്ടിക്കെട്ടി കായലിൽ വേദിയുണ്ടാക്കി 'കായൽ സമ്മേളനം' സംഘടിപ്പിച്ച് പ്രബുദ്ധരാക്കുകയും 1916  ജനുവരി 1 ന് പുതുവത്സര ദിനത്തിൽ ദിവാൻ വില്ല്യം ഭോറിൻറെയും പത്നി ഡോ.മാർഗരറ്റിൻറെയും ബഹുമാനാർത്ഥം  എറണാകുളത്തെ ഇർവിൻ പാർക്കിൽ (ഇന്ന് സുഭാഷ് പാർക്ക്)  സംഘടിപ്പിച്ച  കാർഷിക പ്രദർശനത്തിനിടയിൽ  കായലിൽ വള്ളങ്ങളിൽ ഇരിക്കുകയായിരുന്ന അവരെ ദിവാന്റെ   മുൻപിലേക്ക്   ജാഥയായി എത്തിച്ച്  അവരുടെ പട്ടണപ്രവേശം സാധ്യമാക്കിയതും  പണ്ഡിറ്റ് കറുപ്പൻ ആയിരുന്നു.  മഹാകവി, സംസ്കൃത പണ്ഡിതൻ, അദ്ധ്യാപകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ ചരിത്രത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്ന ആ യുഗപ്രഭാവനോടുള്ള ആദരസൂചകമായി  ധീവര സമുദായ സഭകളും അദ്ദേഹത്തിൻറെ സ്മാരകമായി സ്ഥാപിക്കപ്പെട്ട  വായനശാലകൾ, യുവജന സമിതികൾ  എന്നിവയും മേയ് 24 ന് അദ്ദേഹത്തിൻറെ ജന്മദിനം സമുചിതമായി ആഘോഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.  
-Pandit Karuppan Foundation, MRA-118, Panangad, Kochi-682506

എറണാകുളം മഹാരാജാസ് കോളേജിലെ ഭാഷാവിഭാഗം തലവൻ ആയി വിരമിച്ച കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ എറണാകുളം സെൻറ്  തെരേസാസ് സ്‌കൂളിലെ  ആദ്യ നിയമനത്തിനുശേഷം പിന്നീട് എറണാകുളം ഗേൾസ് ഹൈ സ്കൂളിൽ സംസ്‌കൃത അദ്ധ്യാപകനായി ചുമതലയേറ്റു.  കുട്ടികൾക്ക് വേണ്ടി നാടകങ്ങൾ സംവിധാനം ചെയ്യുകയും  അവർക്കുവേണ്ടി ഗാനങ്ങൾ രചിക്കുകയും  ചെയ്തിരുന്ന അദ്ദേഹം തൻറെ  വിദ്യാർത്ഥിനികൾക്കും സഹഅദ്ധ്യാപകർക്കും  പ്രിയങ്കരനായി..
Tags

Post a Comment

0 Comments

Top Post Ad

Below Post Ad