പുതുക്കിയ വിദ്യാഭ്യാസനയം 2020, പത്താം ക്ലാസ്, തുടർന്ന് +2, തുടർന്ന് 3 വർഷത്തെ ഡിഗ്രി എന്ന രീതി നിർത്തലാക്കുന്നു

പുതുക്കിയ വിദ്യാഭ്യാസനയം _2020

   ● വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന തുക GDPയുടെ 6% ആക്കും. നിലവിൽ ഇത് 1.7% ആണ്. 
   
   ● വിദ്യാഭ്യാസം പൂർണ്ണമായും മാതൃഭാഷയിൽ ആക്കും. തൃഭാഷാ സമ്പ്രദായം ആയിരിക്കും നടപ്പിലാക്കുക. മിഡ് സ്‌കൂൾ തലത്തിൽ എത്തുമ്പോൾ ഇംഗ്ലീഷും ഒരു മൂന്നാം ഭാഷയും തിരഞ്ഞെടുക്കാം. സംസ്കൃതത്തിന് പ്രത്യേക പരിഗണന.
   
   ● പത്താം ക്ലാസ്, തുടർന്ന് +2, തുടർന്ന് 3 വർഷത്തെ ഡിഗ്രി എന്ന രീതി നിർത്തലാക്കുന്നു.
   
   ● പകരം പുതിയ രീതി 5+3+3+4 എന്ന തരത്തിലായിരിക്കും
   
   ● ആദ്യ 5 വർഷം പ്രീ സ്‌കൂൾ, 6,7,8 വർഷങ്ങളിൽ മിഡ് സ്‌കൂൾ, 9,10,11 വർഷങ്ങളിൽ ഹൈ സ്‌കൂൾ, തുടർന്ന് 4 വർഷം   ഗ്രാജുവേഷൻ എന്നാണ് പുതിയ ക്രമം. 

   ● പ്രീ സ്‌കൂൾ എന്നാൽ അംഗൻവാടി, മറ്റ് പ്ലെ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ചിലവഴിക്കുന്ന മൂന്ന് വർഷത്തെ കളിയും കാര്യവും ഉൾപ്പെട്ട പദ്ധതിയും, തുടർന്നുള്ള 2 വർഷം അദ്ധ്യയനം കൂടുതലായും ആക്ടിവിറ്റി ബേസ്ഡ് ആണ്. കുട്ടികളുടെ ചിന്താശേഷി, പഠനശേഷി, ഭാഷകളും സംഖ്യകളും കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയുടെ വികസനത്തിൽ അധിഷ്ഠിതമായ പഠനരീതി ആണ് വിഭാവനം ചെയ്യുന്നത്. കുട്ടികളെ മിഡ് സ്‌കൂളിലേക്ക് പാകപ്പെടുത്തുക എന്നതാണ് അവസാന 2 വർഷത്തെ ലക്ഷ്യം

   ● മിഡ് സ്‌കൂൾ തലത്തിൽ കൂടുതൽ ഗൗരവതരമായ പഠനത്തിലേക്ക് കടക്കുന്നു. എന്നാൽ കേവലം പുസ്തകതാളുകളിലെ അക്ഷരങ്ങൾ മനഃപാഠം ആക്കുന്നതിലുപരി പാഠഭാഗങ്ങൾ കൂടുതൽ അനുഭവവേദ്യം ആക്കുന്ന തരത്തിലും അടിസ്ഥാനപരമായ ആശയങ്ങൾക്ക് ഊന്നൽ നൽകും വിധവും ആയിരിക്കും അദ്ധ്യയനം. ശാസ്ത്ര, ഗണിത, സാമൂഹിക വിഷയങ്ങളിൽ സമഗ്രമായ പാഠ്യ പദ്ധതിക്ക് അനുസരിച്ചായിരിക്കും സിലബസ് ചിട്ടപ്പെടുത്തുക. മിഡ് സ്‌കൂൾ മുതൽ തൊഴിലധിഷ്ഠിത കോഴ്സുകളും കറിക്കുലത്തിൽ ഉൾപ്പെടും.
   
   ● എല്ലാ ഡിഗ്രി കോഴ്സുകളും ഇനി മുതൽ 4 വർഷമാണ്.
   
   ● റിപ്പോർട്ട് കാർഡുകൾ കേവലം മാർക്കുകളുടെ ഒരു ലിസ്റ്റ് എന്ന രീതിയിൽ നിന്ന് മാറും. വിദ്യാർത്ഥിയുടെ മറ്റ് മേഖലയിൽ ഉള്ള കഴിവുകൾക്ക് കൂടി റിപ്പോർട് കാർഡിൽ സ്ഥാനം ഉണ്ടാവും.
   
   ● ഏറെക്കുറെ ഇപ്പോഴത്തെ +2ന് തത്തുല്യമായ ഹൈ സ്‌കൂൾ മുതൽ, വിദ്യാർത്ഥികൾക്ക് പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാം. വിമർശനാത്മകമായ ചിന്താശേഷിയുടെ വികസനം, ബൗദ്ധികമായ മെയ്‌വഴക്കം എന്നിവയുടെ വളർച്ചക്കാണ് ഈ ഘട്ടത്തിൽ മുന്തിയ പരിഗണന.
   
   ● എല്ലാ ഡിഗ്രി കോഴ്സുകൾക്കും മേജറും മൈനറും വിഷയങ്ങൾ തുരഞ്ഞെടുക്കാം. ഉദാഹരണത്തിന് ചരിത്രം മേജർ ആയി എടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് മൈനർ ആയി സംഗീതമോ മറ്റോ തിരഞ്ഞെടുക്കാം. തിരിച്ചും ആവാം, പൂർണമായും വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യം ആണ്.
   
   ● മെഡിസിൻ, നിയമം എന്നിവ ഒഴികെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ മുഴുവനായും ഒറ്റ അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരും
   
   ● UGCയും ടെക്കനിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന AICTE യും ലയിപ്പിക്കും
   
   ● M Phil കോഴ്‌സ് പൂർണമായും നിർത്തലാക്കും
   
   ● കൂടുതൽ ഓൺലൈൻ കോഴ്സുകളും, അതിനായി കൂടുതൽ virtual labകളും ലഭ്യമാക്കും. National Educational Technology Forum രൂപീകരിക്കും.
   
   ● 2035 ഓട് കൂടി ചുരുങ്ങിയത് 50% ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി 3.5 കോടി അധിക സീറ്റുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കും.
   
   ● എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും National Testing Agency നടത്തുന്ന ഏകീകൃത എൻട്രൻസ് ഉണ്ടായിരിക്കും.
   
   ● എല്ലാ സർക്കാർ, സ്വകാര്യ, വിദൂര വിദ്യാഭ്യാസ, കല്പിത, തൊഴിലധിഷ്ഠിത സർവകലാശാലകൾക്കും ഒരൊറ്റ നിയമവ്യവസ്ഥയും ഗ്രേഡിങ് സമ്പ്രദായവും ആയിരിക്കും 
   
   ● എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകർക്ക് പരിശീലനം നൽകാനായി പുതിയ Teachers Training Centers നിലവിൽ വരും. ഇവ പൂർണമായും കേന്ദ്ര നിയന്ത്രണത്തിൽ ആയിരിക്കും. സംസ്ഥാനങ്ങൾക്ക് മാറ്റങ്ങൾ വരുത്തുവാൻ സാധ്യമല്ല.
   
   ● എല്ലാ കോളേജുകൾക്കും ഒരേ തരത്തിലുള്ള അംഗീകാരം ആയിരിക്കും നൽക്കപ്പെടുക. കൊളേജുകൾക്ക് റേറ്റിങ് സമ്പ്രദായം ഏർപ്പെടുത്തി ആ റേറ്റിങ്ങിന് അനുസരിച്ച് ആയിരിക്കും സ്വയഭരണാവകാശവും മറ്റ് ഫണ്ടുകളും നൽകപ്പെടുക.
   
   ● മൂന്ന് വയസ്സിൽ പ്രീ സ്‌കൂളിൽ ചേർക്കാൻ കുട്ടികളെ തയ്യാറാക്കുന്നതിന് രക്ഷിതാക്കൾക്ക് പൊതുവായ ഒരു മാർഗരേഖ സർക്കാർ തയ്യാറാക്കും.
   
   ● ഒരേ സമയം ഒന്നിലധികം കോഴ്‌സുകൾക്ക് ചേരാനും എപ്പോൾ വേണമെങ്കിലും അവയിൽ ഏത് വേണമെങ്കിലും നിർത്താനും ഉള്ള സൗകര്യം ഉണ്ടാവും.
   
   ● ഗ്രാജുവേഷൻ കോഴ്‌സുകൾക്ക് ക്രെഡിറ്റ് സിസ്റ്റം ഏർപ്പെടുത്തും. അതിനാൽ എന്തെങ്കിലും കാരണവശാൽ കോഴ്‌സ് ഇടക്ക് വെച്ചു നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും പുതിയ കോഴ്‌സ് ഒന്നിൽ നിന്ന് ചെയ്യേണ്ട ആവശ്യമില്ല. നേടിയ ക്രെഡിറ്റുകൾ കഴിച്ച് ബാക്കിയുള്ള ക്രെഡിറ്റുകൾ എഴുതി എടുത്താൽ മതിയാവും.
   
   ● സ്‌കൂൾ വിദ്യാഭ്യാസം പൂർണ്ണമായും സെമസ്റ്റർ രീതിയിൽ ആകും. ആറു മാസത്തിൽ ഒരിക്കൽ ആണ് പരീക്ഷ നടക്കുക.
   
   ● സിലബസുകൾ വിഷയത്തിന്റെ അടിസ്ഥാന ജ്ഞാനം വിദ്യാർത്ഥിക്ക് പ്രദാനം ചെയ്യുന്ന രീതിയിൽ ചുരുക്കും. വിദ്യാർഥികളെ പഠിച്ച അറിവുകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് ആയിരിക്കും മുൻഗണന.
   
   ● എല്ലാ ഗ്രാജുവേഷൻ കോഴ്സുകൾക്കും ആദ്യത്തെ ഒരു വർഷം പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ഒരു ബേസിക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. രണ്ടാം വർഷം പൂർത്തീകരിച്ചാൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. നാല് വര്ഷവും പൂർത്തീകരിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ്. ഇപ്രകാരം ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വരുന്നവർക്ക് വർഷങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുന്നു.
   
   ● സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി Gender Inclusion Fund രൂപീകരിക്കും. ഇതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകിക്കൊണ്ട് അർഹതപ്പെട്ടവരെ കണ്ടെത്താൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad